കാൻസർ മരുന്നുകളുടെ ജിഎസ്ടി അഞ്ചു ശതമാനമായി കുറയ്ക്കും
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് നിലവിലുള്ള 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാൻ കൗൺസിൽ തീരുമാനിച്ചു.
ഗവേഷണത്തിനായി വരുന്ന ഏതൊരു ഫണ്ടിനെയും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുമെന്നും സർവകലാശാലകൾക്ക് ഗവേഷണ-വികസന ഫണ്ട് ഒഴിവാക്കുന്നതിൽ പൂർണമായ ഏകാഭിപ്രായമുണ്ടെന്നും ജിഎസ്ടി കൗൺസിലിന്റെ 54-ാമത് യോഗത്തിനുശേഷം ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ഹെൽത്ത് ഇൻഷ്വറൻസിന്റെ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം നവംബറിൽ നടക്കുന്ന അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിലുണ്ടാകും. ആരോഗ്യ ഇൻഷ്വറൻസിന്റെ നിരക്ക് പൂർണമായി ഒഴിവാക്കണമെന്ന നിർദേശം യോഗത്തിലുണ്ടായി. അഞ്ചു ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവുമുയർന്നു. തുടർന്ന് വിഷയം പഠിക്കാൻ മന്ത്രിതല സമിതിയെ നിശ്ചയിച്ചു.
തീരുമാനത്തിനായി നവംബറിൽ ജിഎസ്ടി കൗൺസിൽ യോഗം ചേരുമെന്നും മെഡിക്കൽ ഹെൽത്ത് ഇൻഷ്വറൻസ് സംബന്ധിച്ച പുതിയ മന്ത്രിതല സമിതി ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ചില ലഘുഭക്ഷണങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.