ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ ഹരിയാന ഹിസാർ സ്വദേശിയായ ഇരുപത്തിയാറുകാരനാണു രോഗബാധ സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളോടെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണു പരിശോധനയിൽ കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ച യുവാവിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.
2022 ജൂലൈ മുതൽ രാജ്യത്ത് 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു സമാനമാണിത്. ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഇതിനു ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. ക്ലേഡ് 2നെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണ് ക്ലേഡ് 1. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ എംപോക്സ് വൈറസ് ബാധ വ്യാപിക്കുന്നതിനെത്തുടർന്നാണ് ലോകാരോഗ്യസംഘടന കഴിഞ്ഞ മാസമാണ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥപ്രഖ്യാപിച്ചത്.