ജമ്മു-കാഷ്മീരിൽ പ്രചാരണം ചൂടുപിടിച്ചു
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ജമ്മുവിലെത്തും. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ബുധനാഴ്ച ജമ്മു മേഖലയിൽ പ്രചാരണം നടത്തിയിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ശ്രീനഗറിൽ ബിജെപി പ്രകടനപത്രിക പ്രകാശനം ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച ബനിഹാൾ, റന്പാൻ എന്നിവിടങ്ങളിലെത്തി റാലികളിൽ പ്രസംഗിച്ചു.
ഇതോടെ, മൂന്നു ഘട്ടങ്ങളായുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ 18ന് വോട്ടെടുപ്പ് നടക്കുന്ന ആദ്യഘട്ടം പ്രചാരണം ചൂടുപിടിച്ചു. ജമ്മു-കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതാണ് പത്തു വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ പ്രധാന ചർച്ചാവിഷയം. അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇനിയൊരിക്കലും അതു തിരിച്ചുവരില്ലെന്നും അമിത് ഷാ ശ്രീനഗറിൽ പറഞ്ഞിരുന്നു.
ജമ്മു-കാഷ്മീരിന് പ്രത്യേക പദവി തിരിച്ചുകൊണ്ടുവരുമെന്ന നാഷണൽ കോണ്‍ഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ളയുടെയും ഒമർ അബ്ദുള്ളയുടെയും നിലപാടിനോട് കോണ്‍ഗ്രസും രാഹുലും യോജിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ജമ്മുവിൽ ശനിയാഴ്ചയെത്തുന്ന പ്രധാനമന്ത്രി മോദി വിവിധ റാലികളിൽ പ്രസംഗിക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ അറിയിച്ചു.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു മേഖലയിലെ 43 സീറ്റുകളിൽ 35 സീറ്റുകൾ നേടാനാകുമെന്നും അങ്ങനെ വന്നാൽ 90 അംഗ നിയമസഭയിൽ ബിജെപിയെ കൂടാതെ ആർക്കും ഭരിക്കാൻ സാധിക്കില്ലെന്നുമാണ് ബിജെപിയുടെ ആത്മവിശ്വാസം.
പാർട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ജമ്മു മേഖലയിലെ രണ്ടു ലോക്സഭാ സീറ്റിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു വിജയം. എന്നാൽ കാഷ്മീർ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും നാഷണൽ കോണ്‍ഫറൻസും സഖ്യത്തിലാണ്. ഈ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മിന് ഒരു സീറ്റും നൽകിയിട്ടുണ്ട്. ആകെയുള്ള 90 മണ്ഡലങ്ങളിൽ 52 ഇടത്ത് നാഷണൽ കോണ്‍ഫറൻസും 33 സീറ്റിൽ കോണ്‍ഗ്രസും മത്സരിക്കും. അഞ്ചു മണ്ഡലങ്ങളിൽ ഇരുപാർട്ടികളും തമ്മിൽ സൗഹൃദ മത്സരവും നടക്കും.
ബിജെപിയും മെഹബൂബ മുഫ്തിയുടെ പിഡിപിയും ഒറ്റയ്ക്കാണു മത്സരിക്കുന്നത്.