പിത്താശയക്കല്ല് നീക്കാൻ യുട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; കുട്ടി മരിച്ചു
Tuesday, September 10, 2024 1:48 AM IST
സരൺ: പിത്താശയകല്ല് നീക്കം ചെയ്യാൻ വ്യാജഡോക്ടർ യുട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തി. കുട്ടി രക്തംവാർന്നു മരിച്ചു. സരൺ ജില്ലയിലെ ഭോൽപുർ ഗ്രാമവാസിയായ ഗോലു എന്നുവിളിക്കുന്ന കൃഷ്ണകുമാറാണ് മരിച്ചത്.
വയറുവേദന മാറാനായി സെപ്റ്റംബർ ഏഴിന് ധർമബാഗി ബസാറിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച കുട്ടിയെ ബന്ധുക്കളെ അറിയിക്കാതെ വ്യാജഡോക്ടറായ അജിത്കുമാർ പുരി ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച പുരി കുട്ടിയുടെ മുത്തച്ഛൻ പ്രഹ്ലാദ് പ്രസാദിനെ ഡീസൽ വാങ്ങാനായി പറഞ്ഞയച്ചു. ഈ സമയം മുത്തശി മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഡീസൽ വാങ്ങി തിരിച്ചെത്തിയ പ്രഹ്ലാദ് കാണുന്നത് യുട്യൂബ് വീഡിയോ നോക്കി കൊച്ചുമകനെ ശസ്ത്രക്രിയ ചെയ്യുന്ന പുരിയെയാണ്.
ഇതിനിടെ, ഗോലുവിന്റെ ആരോഗ്യനില വഷളായി. പുരിയാണ് ഗോലുവിനെ ആംബുലൻസിൽ കയറ്റിയത്. ലക്നോ ആശുപത്രിയിലേക്കുള്ള പാതിവഴിയില്‍വച്ച് ഗോലു മരിച്ചു.