ഓട്ടത്തിനിടെ ട്രെയിനിന്റെ ബോഗികൾ വേർപെട്ടു
Monday, September 9, 2024 2:42 AM IST
പട്ന: ബിഹാറിൽ ഓട്ടത്തിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ന്യൂഡൽഹിയിൽനിന്ന് ഇസ്ലാംപുരിലേക്കു പുറപ്പെട്ട മഗ്ദാദ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ രണ്ടായി പിരിഞ്ഞുപോയെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേൽക്കുയോ മറ്റ് രീതിയിലുള്ള അപകടമോ ഉണ്ടായില്ല. ബിഹാറിലെ ബക്സർ ജില്ലയിൽ തുരിഗഞ്ചിനും രഘുനാഥപുരിനും ഇടയിലായിരുന്നു അപകടമുണ്ടായത്.
ഇന്നലെ രാവിലെ 11.08 മണിയോടെയാണ് സംഭവമുണ്ടായത്. ട്രെയിൻ എൻജിനിൽനിന്നുള്ള 13-ാമത്തെ എസ്-7 കോച്ചിൽനിന്നു എസ്-6 കോച്ച് വേർപെടുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം 2.25 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.