ഗോവ തെരഞ്ഞെടുപ്പിൽ എഎപി 44.5 കോടി ഉപയോഗിച്ചെന്നു സിബിഐ
Sunday, September 8, 2024 2:25 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ 90 മുതൽ 100 കോടി രൂപയുടെ അഴിമതി നടന്നെന്നും ഇതിൽ 44.5 കോടി രൂപ 2022ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മി പാർട്ടി ചെലവിട്ടുവെന്നും സിബിഐ.
ഗോവയിലെ മുൻ എംഎൽഎമാരായ മഹാദേവ് നായിക്കിനും സത്യവിജയ് നായിക്കിനും എഎപിയുടെ ഗോവ ചുമതലക്കാരനായിരുന്ന ഡൽഹി എംഎൽഎ ദുർഗേഷ് പഥക് മുഖേന നേരിട്ടു പണം കൈമാറിയെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയാണെന്നു സിബിഐ സമർപ്പിച്ച അഞ്ചാമത്തെയും അവസാനത്തേതുമായ കുറ്റപത്രത്തിൽ പറയുന്നു.
മദ്യനയം അനുകൂലമാക്കാനാണു സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്നവർ എഎപിക്ക് 100 കോടി രൂപയോളം നൽകിയതെന്ന് ഡൽഹി മദ്യനയക്കേസ് അന്വേഷിക്കുന്ന സിബിഐ വ്യക്തമാക്കി. ഹവാല മാർഗത്തിലൂടെ ഡൽഹിയിലേക്കു പണമെത്തിച്ചത് വിനോദ് ചൗഹാൻ എന്നയാളാണെന്നും ഇയാൾക്ക് അരവിന്ദ് കേജരിവാളുമായി നേരിട്ടു ബന്ധമുള്ളതിനു തെളിവുകളുണ്ടെന്നും സിബിഐ അവകാശപ്പെട്ടു.
2022ലെ ഗോവ തെരഞ്ഞെടുപ്പിൽ ശിരോധ, വാൽപോയി മണ്ഡലങ്ങളിൽനിന്ന് ആം ആദ്മി ടിക്കറ്റിൽ മത്സരിക്കാൻ മുൻ എംഎൽഎമാരായ മഹാദേവ് നാരായണ്‍ നായിക്കിനോടും സത്യവിജയ് നായിക്കിനോടും ദുർഗേഷ് പഥക് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ എല്ലാ ചെലവുകളും സ്വയം എടുത്തിട്ടില്ലെന്നും അത് ആം ആദ്മി പാർട്ടി പണമായി നൽകിയിട്ടുണ്ടെന്നും ഇരുവരും സ്ഥിരീകരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.