ആം ആദ്മി പാർട്ടി എംഎൽഎ കോണ്‍ഗ്രസിൽ
Saturday, September 7, 2024 1:54 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎയും മുൻ മന്ത്രിയുമായ രാജേന്ദ്രപാൽ ഗൗതം കോണ്‍ഗ്രസിൽ ചേർന്നു. പ്രമുഖ ദളിത് നേതാവും ഡൽഹിയിലെ സീമാപുരി മണ്ഡലത്തിലെ എംഎൽഎയുമായ രാജേന്ദ്രപാൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാണു കോണ്‍ഗ്രസിലേക്ക് ചുവടു മാറിയത്.
ഹരിയാനയിൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ തെരഞ്ഞെടുപ്പു ചർച്ചകൾ പുരോഗമിക്കവെയാണു രാജേന്ദ്രപാലിന്റെ കോണ്‍ഗ്രസ് പ്രവേശനമെന്നതു ശ്രദ്ധേയമാണ്.
ഡൽഹിയിൽ അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രമുഖ ദളിത് നേതാവിനെ പാർട്ടിയിലെത്തിച്ചത് ഗുണം ചെയ്യുമെന്നാണു കോണ്‍ഗ്രസ് വിലയിരുത്തൽ.
ദളിത് അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടിട്ടുള്ള രാജേന്ദ്രപാൽ 2022ൽ മന്ത്രിയായിരിക്കെ ഹിന്ദുമതത്തിൽനിന്ന് നിരവധിയാളുകൾ ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിലാണ് രാജിവയ്ക്കാൻ നിർബന്ധിതനായത്.
രാഹുൽ ഗാന്ധിയുടെ നിലപാടുകളാണു തന്നെ കോണ്‍ഗ്രസിലേക്ക് ആകർഷിച്ചതെന്നും ആം ആദ്മി പാർട്ടി സാമൂഹിക പ്രശ്നങ്ങളിൽ നിശബ്ദരാണെന്നും രാജേന്ദ്രപാൽ പറഞ്ഞു.