അഗ്നിപഥിൽ മാറ്റം?
Friday, September 6, 2024 1:51 AM IST
ന്യൂഡൽഹി: വിവാദമായ അഗ്നിപഥ് പദ്ധതിയിൽ നിർണായകമായ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം വൻ തിരിച്ചടികൾ നേരിട്ടതോടെയാണു പദ്ധതിയിൽ മാറ്റം വരുത്താൻ സർക്കാർ നിർബന്ധിതമായത്.
പുതിയ തീരുമാനപ്രകാരം സ്ഥിരപ്പെടുത്തുന്ന അഗ്നിവീറുകളുടെ എണ്ണം വർധിപ്പിച്ചേക്കുമെന്നാണു സൂചന. മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനോടൊപ്പം അഗ്നിവീറുകളുടെ ശന്പളം വർധിപ്പിക്കാനും ധാരണയായതായി പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.
പ്രതിരോധസേനകളിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിൽ ചേരുന്നവരെ (അഗ്നിവീറുകൾ) രണ്ടാംതരം സൈനികരായാണു സർക്കാർ പരിഗണിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
സാധാരണ സൈനികർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ അഗ്നിവീറുകൾക്ക് ലഭിച്ചിരുന്നില്ല. നാലു വർഷത്തെ സേവനത്തിന് അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരിൽ 25 ശതമാനം പേരെ മാത്രമാണു സ്ഥിരം സർവീസിലേക്ക് പരിഗണിക്കുന്നത്. ഇത് 50 ശതമാനമായി ഉയർത്താനാണു കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
മോദിസർക്കാർ 2022ൽ അഭിമാനപദ്ധതിയെന്നു വിശേഷിപ്പിച്ചു നടപ്പാക്കിയ അഗ്നിപഥ് പദ്ധതി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ഹിന്ദി ഹൃദയഭൂമിയിലടക്കം തിരിച്ചടിക്ക് ഇടയാക്കിയിരുന്നു.