കേന്ദ്രീകൃത പെൻഷൻ പേമെന്റ് സംവിധാനത്തിന് പച്ചക്കൊടി
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനു (ഇപിഎസ്) കീഴിലുള്ളവർക്ക് അടുത്ത വർഷം ജനുവരി മുതൽ രാജ്യത്തെ ഏതു ബാങ്കിൽനിന്നോ ശാഖയിൽനിന്നോ പെൻഷൻ ലഭിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
സെൻട്രലൈസ്ഡ് ഐടി എനേബിൾഡ് സിസ്റ്റത്തിന്റെ ഭാഗമായാണു ഈ പദ്ധതി അവതരിപ്പിക്കുന്നത്. രാജ്യത്തെ 78 ലക്ഷത്തോളം ആളുകൾക്ക് പദ്ധതി ഉപകാരപ്പെടുമെന്നും ഇപിഎസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദേശീയതലത്തിലുള്ള കേന്ദ്രീകൃത സംവിധാനം നടപ്പാകുന്നതോടെ പെൻഷൻകാർ ബാങ്കോ അതിന്റെ ശാഖയോ മാറുന്പോൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണു നിലവിലുള്ളത്.
എന്നാൽ സിപിപിഎസ് നടപ്പാക്കുന്നതോടെ രാജ്യത്തെ ഏതെങ്കിലും ബാങ്ക് വഴിയോ ഏതെങ്കിലും ബ്രാഞ്ച് വഴിയോ പെൻഷൻ വിതരണം സാധ്യമാക്കാൻ സാധിക്കുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.