വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോണ്‍ഗ്രസിലേക്ക്
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിലേക്ക്. ഇതിനുമുന്നോടിയായി ഇന്നലെ ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ മത്സരിച്ചേക്കുമെന്നാണു സൂചന.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിനേഷ് ജനനായക് ജനതാ പാർട്ടിയുടെ സിറ്റിംഗ് സീറ്റായ ജുലാനയിൽനിന്ന് ജനവിധി തേടാനാണു സാധ്യത. ബജ്രംഗ് പുനിയ ബദ്ലി മണ്ഡലത്തിൽനിന്നും മത്സരിച്ചേക്കും.
സമരവേദികളിൽ ബിജെപിക്കെതിരേ നിരന്തരം ശബ്ദമുയർത്തുന്ന വിനേഷ് ഫോഗട്ടിനെയും ബജ്രംഗ് പുനിയയെയും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കുന്നത് നേട്ടമാകുമെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തൽ.
ലൈംഗികാതിക്രമ കേസിൽ ബിജെപി മുൻ എംപിയും ഗുസ്തി ഫെഡറേഷൻ മുൻ ദേശീയ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരേ സമരം ചെയ്ത ഗുസ്തിതാരങ്ങളിൽ പോരാട്ടത്തിന്റെ മുഖങ്ങളായി ഇരുവരുമുണ്ടായിരുന്നു.
ഹരിയാന-ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാരിനെതിരേ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം വിനേഷ് സമരവേദി സന്ദർശിച്ചിരുന്നു.