വയനാടിനായി ഒരു മാസത്തെ ശന്പളം സംഭാവന ചെയ്ത് രാഹുൽ
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആശ്വാസമേകാൻ ഒരു മാസത്തെ ശന്പളം മുഴുവൻ പുനരധിവാസപ്രവർത്തനങ്ങൾക്കു സംഭാവനയായി നൽകി ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി.
ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നനിലയിലുള്ള ഒരു മാസത്തെ മുഴുവൻ ശന്പളമായ 2,30000 രൂപയും രാഹുൽ ഗാന്ധി കെപിസിസി നടത്തുന്ന ധനസമാഹരണയജ്ഞത്തിലേക്കു നൽകി. എല്ലാവരും അവരാൽ കഴിയുന്നതു നൽകി വയനാടിനെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.
ഉരുൾപൊട്ടലിൽ പാർപ്പിടം നഷ്ടമായവർക്ക് നൂറു വീടുകൾ നിർമിച്ചുനൽകുമെന്ന് രാഹുൽ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് നൽകുന്ന സംഭാവനകൾ വയനാടിന്റെ വേഗത്തിലുള്ള പുനരധിവാസത്തിനായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന് കെപിസിസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പുനരധിവാസത്തിന്റെ പുരോഗതികൾ നേരിട്ടു വിലയിരുത്തുകയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.