കങ്കണയുടെ ‘എമർജൻസി’ റിലീസ് മാറ്റി
Thursday, September 5, 2024 2:49 AM IST
മുംബൈ: കങ്കണ റണാവത്തിന്റെ ചിത്രം ‘എമർജൻസി’യുടെ റിലീസിനും സർട്ടിഫിക്കറ്റിനും വേണ്ടി സെൻസർ ബോർഡിനോട് ആവശ്യപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ചിത്രത്തിനെതിരായ വിമർശനങ്ങൾ ഉന്നയിച്ചവരുടെ വാദംകൂടി കേൾക്കാൻ മധ്യപ്രദേശ് ഹൈക്കോടതി സെൻസർ ബോർഡിനു നിർദേശം നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഹർജിയിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റീസുമാരായ ബി.പി. കൊളാബവാല, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. സെൻസർ ബോർഡ് സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതിനെത്തുടർന്ന് സിനിമയുടെ നിർമാതാക്കളാണു കോടതിയെ സമീപിച്ചത്.
ചിത്രത്തിൽ സിക്ക് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് റിലീസ് അനിശ്ചിത കാലത്തേക്കു മാറ്റിവച്ചത്.
കങ്കണ റണാവത്തിന്റെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണു ചിത്രം നിർമിക്കുന്നത്.