കേന്ദ്രസേനയുടെ സഹായം അനിവാര്യമെന്ന് മണിപ്പുർ ഡിജിപി
Wednesday, September 4, 2024 2:35 AM IST
ഇംഫാൽ: കലാപകലുഷിതമായ മണിപ്പുരിൽ പോലീസിന് ഒറ്റയ്ക്കു സ്ഥിതിഗതികൾ നിയന്ത്രിക്കാനാവില്ലെന്ന് സംസ്ഥാന ഡിജിപി രാജീവ് സിംഗ്. കേന്ദ്രസേനയുടെ സഹായത്തോടെയേ സമാധാനശ്രമങ്ങൾ മുന്നോട്ടുപോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവർഷമായി തുടരുന്ന കലാപത്തിൽ 200 ലേറെ ആളുകൾക്കാണ് ജീവൻ നഷ്ടമായത്. നൂറുകണക്കിനു പേർ ഭവനരഹിതരായി.
കലാപം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് കഴിഞ്ഞദിവസങ്ങളിലെ ആക്രമണരീതിയിൽനിന്ന് വ്യക്തമാകുന്നത്.ഡ്രോണുകളിൽ ബോംബുകൾ എത്തിച്ച് നടത്തിയ ആക്രമണത്തിൽ കഴിഞ്ഞദിവസം രണ്ടുപേർ കൊല്ലപ്പെടുകയും പോലീസുകാരനുൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഫാൽ വെസ്റ്റിലെ കുട്രൂക്, കടങ്ബന്ദ് ഗ്രാമങ്ങളിലായിരുന്നു ആക്രമണം.
പുതിയൊരുതരം യുദ്ധതന്ത്രമാണ് കലാപകാരികൾ തുടങ്ങിവച്ചിരിക്കുന്നതെന്നും ഡ്രോണുകളെ നേരിടുന്നതിന് സാധ്യമായതെല്ലാം പോലീസ് ചെയ്യുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. ആക്രമണം നടന്ന സ്ഥലം പരിശോധിച്ച് ഒട്ടേറെ ആയുധങ്ങളും സംവിധാനങ്ങളും പിടിച്ചെടുത്തു. പ്രദേശത്തു പരിശോധന തുടരുകയാണെന്നും പോലീസ് മേധാവി പറഞ്ഞു.
ആസാം റൈഫിൾസിനു പുറമേ 198 കന്പനി കേന്ദ്രസേനയെയാണു സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ഇതിൽ ചില യൂണിറ്റുകൾ കാഴ്ചക്കാരായി തുടരുന്നുണ്ടെന്നും ഇക്കാര്യത്തിൽ വിശദപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.