ബസ്തറിൽ ആദ്യമായി ത്രിവർണ പതാക പാറും
Thursday, August 15, 2024 1:25 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ നക്സൽബാധിത മേഖലയായ ബസ്തറിൽ ഇതാദ്യമായി സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക പാറിപ്പറക്കും.
കഴിഞ്ഞ ഏഴുമാസംകൊണ്ട് ഈ ഗ്രാമങ്ങളിലെല്ലാം സുരക്ഷാസേനയുടെ പുതിയ ക്യാന്പ് ഓഫീസുകൾ തുറന്നതോടെ നക്സൽഭീതി പൂർണമായും ഒഴിവാക്കാനായിട്ടുണ്ട്.
ദന്തേവാഡ, ബിജാപുർ, നാരായൺപുർ, സുക്മ ജില്ലകളിലെ ഏകദേശം 14 സ്ഥലങ്ങളിൽ സ്വാതന്ത്രദിനാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഇവിടെ പതാക ഉയർത്തിയിരുന്നില്ലെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് അറിയിച്ചു. കഴിഞ്ഞവർഷം റിപ്പബ്ലിക്ദിനാഘോഷത്തിനുപിന്നാലെയാണ് ഈ ഗ്രാമങ്ങളിൽ സുരക്ഷാക്യാന്പുകൾ തുറന്നത്.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സംസ്ഥാനതല ആഘോഷം റായ്പുരിലാണ്. പോലീസ് പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വിഷണു ദേവ് സായി പതാക ഉയർത്തും. ഉപമുഖ്യമന്ത്രിമാരായ അരുൺ സാവോ ബിലാസ്പുരിലും വിജയ് ശർമ ജഗദൽപുരിലും ദേശീയ പതാക ഉയർത്തും.