മെഡിക്കൽ കോളജുകളിൽ അധിക സുരക്ഷാ ഉദ്യോഗസ്ഥർ, സിസിടിവി കാമറകൾ വേണം; മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ മെഡിക്കൽ കമ്മീഷൻ
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകളിൽ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ മെഡിക്കൽ കമ്മീഷൻ. പശ്ചിമ ബംഗാളിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുകയാണ്. ഇതേത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നടപടി.
മെഡിക്കൽ കോളജുകളിലെ അധ്യാപകർ, വിദ്യാർഥികൾ, റസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.
ഒപിഡി, കാമ്പസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അക്രമസംഭവങ്ങളിൽ കോളജ് അധികൃതർ അന്വേഷണം നടത്തണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.
അക്രമ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു ദിവസത്തിനകം ദേശീയ മെഡിക്കൽ കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകൾക്കും മാർഗനിർദേശം ബാധകമായിരിക്കും.