പാണ്ഡ്യനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ
Wednesday, August 14, 2024 1:50 AM IST
ഭുവനേശ്വർ: മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അടുത്ത സഹായിയും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വി.കെ. പാണ്ഡ്യനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഒഡീഷയിലെ ബിജെപി സർക്കാർ.
ബിജെഡിയുടെ ഭരണകാലത്ത് സർക്കാർ ഹെലികോപ്റ്ററുകൾ അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് അന്വേഷണം.
2020 ഫെബ്രുവരിക്കും 2023 ഡിസംബറിനും ഇടയിൽ ജനങ്ങളുടെ പരാതിപരിഹാര സദസുകൾ നടത്താൻ പാണ്ഡ്യൻ ഉപയോഗിച്ച ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചാണ് അന്വേഷണം.
ഇക്കാലയളവിൽ പാണ്ഡ്യൻ 30 ജില്ലകളിലേക്കായി 190 യാത്രകൾ നടത്തിയെന്ന് വാണിജ്യ, ഗതാഗത മന്ത്രി ബിഭൂതി ഭൂഷണ് ജെന പറഞ്ഞു. ഈ യാത്രയ്ക്കായി എത്ര പണം ചെലവഴിച്ചുവെന്ന കാര്യം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.