അദാനി ഗ്രൂപ്പിനെതിരായ അന്വേഷണ റിപ്പോർട്ട്: സുപ്രീംകോടതിയിൽ ഹർജി
Wednesday, August 14, 2024 1:50 AM IST
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഫ് കന്പനിക്കെതിരേ സെബി നടത്തിയ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ പട്ടികപ്പെടുത്താൻ കോടതി രജിസ്ട്രി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ.
ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയായാണ് അഭിഭാഷകനായ വിശാൽ തിവാരി സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരി മൂന്നിലെ സുപ്രീംകോടതി ഉത്തരവിൽ ഹിൻഡൻബർഗിന്റെ മുൻ ആരോപണങ്ങൾ അന്വേഷിക്കാൻ സെബിക്ക് മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്നു.
ഈ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് ഹർജിക്കാരൻ കോടതി രജിസ്ട്രിയെ സമീപിച്ചത്. എന്നാൽ, അന്വേഷണത്തിന് ഒരു സമയപരിധി കോടതി നിശ്ചയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ പട്ടികപ്പെടുത്താൻ രജിസ്ട്രി വിസമ്മതിക്കുകയായിരുന്നു.
കൂടാതെ, സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ചിനെതിരേ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച പുതിയ ആരോപണത്തിൽ ഓഹരി വിപണിയിൽ സംശയത്തിന്റെ അന്തരീക്ഷമുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
2023ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബി അദാനിക്കെതിരേ നടത്തുന്ന അന്വേഷണത്തിന്റെ നിലവിലെ സാഹചര്യം അറിയാനുള്ള അവകാശം വിപണിയിൽ നഷ്ടം നേരിട്ടവർക്കുണ്ടെന്നും തിവാരി അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.