പുനരധിവാസത്തിന് വനം, പ്ലാന്റേഷൻ ഭൂമി നല്കാൻ തീരുമാനം വേണം: ജോസ് കെ. മാണി
Tuesday, August 13, 2024 2:23 AM IST
ന്യൂഡൽഹി: വനം വകുപ്പിന്റെ പക്കലുള്ള വനം, പ്ലാന്റേഷൻ മേഖലകളിൽ ഭൂമി നല്കാൻ കേന്ദ്ര വനംവകുപ്പ് നയപരമായ തീരുമാനമെടുക്കണമെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് ദുരന്ത നിവാരണ അഥോറിറ്റികൾ റെഡ്, ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽനിന്ന് കർഷകരടക്കമുള്ള സാധാരണക്കാർ മാറി താമസിക്കേണ്ടതുണ്ട്.
ഇത്തരത്തിൽ സ്വന്തം കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവരുന്ന കർഷകർക്ക് വനംവകുപ്പിന്റെ പക്കലുള്ള വനമല്ലാത്ത തോട്ടഭൂമികൾ നഷ്ടപ്പെട്ടതിലും ഇരട്ടിയായി അനുവദിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതിമന്ത്രി ഭുപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജോസ് കെ. മാണി ആവശ്യപ്പെട്ടത്.
ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 11,524.913 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വനവിസ്തൃതി. അതിൽ 1562.04 ചതുരശ്ര കിലോമീറ്റർ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനേതര തോട്ടം ഭൂമിയാണ്.
ഈ മേഖലകളിൽ തേക്ക്, മാഞ്ചിയം, യൂക്കാലി തുടങ്ങിയ മരങ്ങൾ വളർത്തുകയാണ്. ഈ ഭൂമി റെഡ്, ഓറഞ്ച് സോണിൽ പെടാത്ത അപകടരഹിത പശ്ചിമഘട്ട താഴ്വാരങ്ങളിലും സമതല പ്രദേശങ്ങളിലുമാണുള്ളത്.
വനംവകുപ്പിന്റെ കൈവശ മുള്ള ഈ പ്രദേശം പരിസ്ഥിതി സംബന്ധമായ എന്തെങ്കിലും പ്രാധാന്യമുള്ളതോ പ്രത്യേക വനമേഖലകളോ അല്ല. സാധാരണ കൃഷിത്തോട്ടങ്ങൾ മാത്രമാണ്.
ഈ ഭൂമി പശ്ചിമഘട്ട അപകടമേഖലകളിൽ താമസിക്കുന്ന ജനങ്ങൾ ആഗ്രഹിക്കുന്ന പക്ഷം അവർക്കു നൽകണം. കൂടാതെ അവരുടെ പുനരധിവാസത്തിനുള്ള പ്രത്യേക പാക്കേജ് നൽകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
വയനാട്ടിൽ 185.62, മലപ്പുറം 144.88, പാലക്കാട്, തൃശൂർ ജില്ലകളിൽ 171.33, കണ്ണൂർ 49.84 ചതുരശ്ര കിലോ മീറ്റർ ഭൂമി ഇത്തരത്തിൽ വനംവകുപ്പിന്റെ പക്കലുണ്ടെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.