ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവം; പോലീസിന് മമതയുടെ അന്ത്യശാസനം
Tuesday, August 13, 2024 2:23 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കാൻ പോലീസിനു മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശം. പോലീസിന് ഇതിനു കഴിയില്ലെങ്കിൽ കേസ് സിബിഐക്കു കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയി 2019 മുതല്‍ സംസ്ഥാനപോലീസ് വോളണ്ടിയറായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രേഖകള്‍. പോലീസ് സിവില്‍ വൊളണ്ടിയറായ പ്രതിക്കു പ്രതിമാസം 12000 രൂപ ശമ്പളമായി ലഭിച്ചിരുന്നു.
2019 ലാണ് പോലീസിന്റെ ദുരന്തനിവാരണ സംഘത്തില്‍ വോളണ്ടിയറായി ഇയാള്‍ ചേരുന്നത്. തുര്‍ന്ന് പോലീസ് വെല്‍ഫെയര്‍ സെല്ലിലേക്കു മാറുകയായിരുന്നു. ഇതോടെയാണ് മെഡിക്കല്‍ കോളജിലെ പോലീസ് ഔട്ട്പോസ്റ്റില്‍ അവസരം ലഭിച്ചത്.
കേസിൽ ഒട്ടേറെ തെളിവുകൾ ഇതിനകം ശേഖരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കുറ്റകൃത്യം നടത്തിയശേഷം പ്രതി താമസസ്ഥലത്ത് മടങ്ങിയെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തെളിവു നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്തു. നിർണായക തെളിവെന്നു കരുതുന്ന പ്രതിയുടെ ഷൂസ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ മാനഭംഗം ചെയ്യപ്പെട്ട് കൊലപ്പെട്ട നിലയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെത്തുടർന്ന് തുടർച്ചയായ നാലാം ദിവസവും പശ്ചിമബംഗാളിലെ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടു. ജൂണിയർ ഡോക്ടർമാരും പോസ്റ്റ് ഗ്രാജ്വേറ്റ് പരിശീലകരും ഉൾപ്പെടെ സമരത്തിലാണ്.
അത്യാഹിത വിഭാഗത്തിൽ മാത്രമായിരുന്നു മൂന്നു ദിവസമായി ജുണിയർ ഡോക്ടർമാരുടെ സേവനം ലഭ്യമായത്. തിങ്കളാഴ്ചയോടെ ഇതും അവസാനിപ്പിച്ചു. കൊലപാതകത്തെക്കുറിച്ച് സിബിഐയോ സിറ്റിംഗ് ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.