പാക് ഗായിക ഹനിയ അസ്ലം അന്തരിച്ചു
Tuesday, August 13, 2024 2:22 AM IST
മുംബൈ: പ്രശസ്ത പാക്കിസ്ഥാനി ഗായിക ഹനിയ അസ്ലം (39) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ബാന്‍ഡ് അംഗവും ബന്ധുവുമായ സെബ് ബംഗാഷയാണു ഹനിയയുടെ മരണം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പാക്കിസ്ഥാനിലെ ജനപ്രിയ ഗായകരിലൊരാണു ഹനിയ.
2007ൽ സെബ്-ഹനിയ എന്ന പേരിൽ ബംഗാഷയ്ക്കൊപ്പം ബാൻഡ് ആരംഭിച്ചതോടെയാണു സംഗീതജീവിതം ആരംഭിക്കുന്നത്. ബാന്‍ഡില്‍ എല്ലാ അംഗങ്ങളും സ്ത്രീകളായ പാക്കിസ്ഥാനിലെ ആദ്യബാന്ഡും സെബ്-ഹനിയയായിരുന്നു.
പാക്കിസ്ഥാനിലെ കോക്ക് സ്റ്റുഡിയോയില്‍ ചാല് ദിയെ അവതരിപ്പിച്ചതിലൂടെ ഹനിയ വ്യാപകമായ അംഗീകാരം നേടി. 2014ല്‍ കാനഡയിലേക്ക് മാറുംമുൻപ് ബംഗാഷയ്ക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ പുറത്തിറക്കി.
ഇന്ത്യന്‍ കലാകാരന്മാരും ഇവരുടെ ബാന്‍ഡിന്റെ ഭാഗമായി. എ.ആര്. റഹ്മാന്റെ സംഗീതത്തിലും ഹനിയ പാടിയിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തില്‍ ആലിയഭട്ടിനൊപ്പമായിരുന്നു ഹനിയ പാടിയത്.