വഖഫ് ബോർഡ് ഭേദഗതി : ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്
Friday, August 9, 2024 2:21 AM IST
സനു സിറിയക്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്കു വിട്ടു. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ഇതിൽ വിശദമായ പരിശോധനയ്ക്കാണു സ്പീക്കർ ഓം ബിർള ബിൽ ജെപിസിക്കു വിട്ടത്.
വഖഫ് ബോർഡിൽ മുസ്ലിം വിഭാഗത്തിനു പുറത്തുള്ളവരെ ഉൾപ്പെടുത്തണം, വഖഫ് സ്വത്തുക്കൾ സർവേ ചെയ്യാനുള്ള അധികാരം സർവേ കമ്മീഷനിൽനിന്ന് ജില്ലാ കളക്ടറേറ്റിലേക്കു കൈമാറണം, ബോർഡിന്റെ സിഇഒ സ്ഥാനത്തേക്കുള്ള വ്യക്തിയെ വഖഫിനു പകരം സംസ്ഥാനസർക്കാർ നാമനിർദേശം ചെയ്യും എന്നതടക്കം നാൽപ്പതോളം ഭേദഗതികൾ കൊണ്ടുവരാനാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചത്.
കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ്, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർത്തു.
‘വഖഫ് സ്വത്തുക്കൾ മാഫിയകളുടെ കൈകളിൽ’
വഖഫ് ബോർഡുകളുടെ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുകയാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും ജെഡി-യു നേതാവുമായ രാജീവ് രഞ്ജൻ സിംഗ് രംഗത്തുവന്നു.
കർണാടക വഖഫ് ബോർഡ് 29,000 ഏക്കർ ഭൂമിയാണ് വാണിജ്യ ആവശ്യങ്ങൾക്കായി നൽകിയത്. ഇത്തരത്തിൽ വഖഫ് സ്വത്തുക്കൾ ചിലർ ധൂർത്തടിക്കുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാർലമെന്റിൽ പറഞ്ഞു.
മുസ്ലിം വിഭാഗങ്ങളുടെ ഉന്നമനത്തിനാണു വഖഫ് സ്വത്തുക്കൾ. എന്നാൽ, ഇതു ചില മാഫിയകളുടെ കൈകളിലാണ്. കൃത്യമായ കൈകളിൽ ഈ സ്വത്തുക്കൾ എത്തിക്കാനാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സഹോദരങ്ങളുമായി നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഭേദഗതി കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധവുമായി ‘ഇന്ത്യ'
കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇന്നലെ ഉച്ചകഴിഞ്ഞ് ബിൽ സഭയിൽ അവതരിപ്പിക്കുന്പോൾത്തന്നെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ആരംഭിച്ചിരുന്നു.
അയോധ്യ ഭരണസമിതിയിലും ഗുരുവായൂർ ദേവസ്വം ബോർഡിലുമൊക്കെ ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉൾപ്പെടുത്താൻ സാധിക്കുമോയെന്നു ചോദിച്ച് കെ.സി. വേണുഗോപാൽ ബില്ലിനെ ശക്തമായി എതിർത്തു.
ആരാധനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികളെയും ജൈനന്മാരെയും ലക്ഷ്യമിടും. തികച്ചും രാഷ്ട്രീയപ്രേരിതമാണു ഭേദഗതി- അദ്ദേഹം ആരോപിച്ചു.
സമാജ്വാദി പാർട്ടിയും ബില്ലിനെ എതിർത്തു രംഗത്തെത്തി. ആലോചിച്ചുറപ്പിച്ച രാഷ്ട്രീയമാണ് ഭരണകൂടം ഈ ബില്ലിലൂടെ മുന്നോട്ടു വയ്ക്കുന്നതെന്നും ജനാധിപത്യപരമായ തെരഞ്ഞെടുപ്പു പ്രക്രിയ നിലനിൽക്കുന്പോൾ ആളുകളെ വഖഫ് ബോർഡിലേക്ക് സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്നത് എന്തിനാണെന്നും സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ അഖിലേഷ് യാദവ് സഭയിൽ ചോദിച്ചു.