പ്രതിപക്ഷ ബഹളം: രാജ്യസഭയിൽനിന്ന് ചെയർമാൻ ഇറങ്ങിപ്പോയി
Friday, August 9, 2024 2:21 AM IST
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഇറങ്ങിപ്പോയി. പാരീസ് ഒളിന്പിക്സിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിച്ചില്ല. ഇതിനെതിരേ പ്രതിപക്ഷം ബഹളംവച്ചതോടെയാണു ജഗ്ദീപ് ധൻകർ ചെയറിൽനിന്ന് ഇറങ്ങിപ്പോയത്.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിഷയമുന്നയിച്ചതിനു പിന്നാലെ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാനടക്കമുള്ള നേതാക്കൾ ബഹളമുയർത്തി.
പ്രതിപക്ഷത്തിന്റെ പെരുമാറ്റം ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ ഇറങ്ങിപ്പോയത്. മത്സരത്തിന് മണിക്കൂറുകൾക്കുമുന്പ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനു പിന്നിൽ ആരാണെന്നു വ്യക്തമാക്കേണ്ടതുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
സംഭവത്തിൽ രാജ്യം മുഴുവൻ വേദന അനുഭവിക്കുന്നുണ്ടെന്നും വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. പ്രതിപക്ഷ എംപിമാരുടേത് തെറ്റായ സമീപനമാണ്. സഭയിൽ അപമര്യാദയായി പെരുമാറുകയാണ്. ഇതിൽ ദുഃഖമുണ്ടെന്നും സ്പീക്കർ പറഞ്ഞു. പിന്നീട് സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.