തമിഴ്നാട് റവന്യുമന്ത്രിയും ധനമന്ത്രിയും വിചാരണ നേരിടണമെന്നു മദ്രാസ് ഹൈക്കോടതി
Thursday, August 8, 2024 2:27 AM IST
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് റവന്യൂമന്ത്രി കെ.എസ്.എസ്.ആർ. രാമചന്ദ്രനും ധനമന്ത്രി തങ്കം തെന്നരസും വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി.
ഇരുവരെയും കേസിൽനിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഇവർക്കെതിരായ നിയമനടപടി മുന്നോട്ടുകൊണ്ടുപോകണമെന്നു നിർദേശിച്ചു.
മുതിർന്ന ഡിഎംകെ നേതാക്കളായ ഇരുവർക്കുമെതിരേ പ്രഥമദൃഷ്ട്യാ കുറ്റം ചുമത്താനുള്ള തെളിവുകളുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ മന്ത്രിമാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് അഴിമതിവിരുദ്ധ ഡയറക്ടറേറ്റ് ഇവരെ കേസിൽനിന്നൊഴിവാക്കാൻ ഒത്തുകളിച്ചതായും ഹൈക്കോടതി വിമർശിച്ചു.
മുൻ ഡിഎംകെ സർക്കാരിൽ ആരോഗ്യ പിന്നാക്കവികസന വകുപ്പ് മന്ത്രിയായിരിക്കേ രാമചന്ദ്രൻ തന്റെ പേരിലും ഭാര്യ വിശാലാക്ഷിയുടെ പേരിലും സുഹൃത്ത് കെ.എസ്.പി. ഷൺമുഖമൂർത്തിയുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദി ച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.