അങ്കമാലി-എരുമേലി പാതയ്ക്ക് റെയിൽവേയുടെ ചുവപ്പുകൊടി
Thursday, August 8, 2024 2:27 AM IST
ന്യൂഡൽഹി: ശബരി റെയിൽ പാതയായ അങ്കമാലി- എരുമേലി പാത ഉപേക്ഷിക്കാൻ റെയിൽവേ. പകരം 75 കിലോമീറ്റർ ദൂരത്തിൽ ചെങ്ങന്നൂർ- പന്പ റൂട്ടിൽ പുതിയ പാതയുടെ സർവേ ഉടൻ നടക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. അഡ്വ. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
1997-98 ബജറ്റിൽ വിഭാവനം ചെയ്ത അങ്കമാലി- എരുമേലി റെയിൽ പാതയ്ക്കായി സ്ഥലമേറ്റെടുപ്പിന്റെ ആദ്യഘട്ടത്തിൽത്തന്നെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആദ്യഘട്ടമെന്നോണം അങ്കമാലിയിൽനിന്നും കാലടി വഴി പെരുന്പാവൂർ വരെയുള്ള 17 കിലോമീറ്ററിലാണ് സ്ഥലമേറ്റെടുപ്പ് ആരംഭിച്ചത്. എന്നാൽ പദ്ധതിക്കെതിരേ പ്രാദേശികമായി പ്രതിഷേധം കനത്തതോടെ നടപടികളും നിലച്ചു.
കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ തയാറാക്കിയ അങ്കമാലി-ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റും സംസ്ഥാനസർക്കാർ വഹിക്കേണ്ട പദ്ധതിയുടെ ചെലവടക്കമുള്ള വിവരങ്ങൾ സംസ്ഥാനത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെയും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നിലപാട് അറിയിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളസർക്കാരിന്റെ പൂർണമോ ഭാഗികമോ ആയ ഉത്തരവാദിത്വത്തിൽ വരുന്ന പ്രധാനപ്പെട്ട റെയിൽവേ വികസന പദ്ധതികൾ എല്ലാംതന്നെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു കാലതാമസം നേരിടുകയാണ്.
സംസ്ഥാനത്ത് റെയിൽവേ വികസനത്തിനു വേണ്ട 459.54 ഹെക്ടർ ഭൂമിയിൽ 62.83 ഹെക്ടർ മാത്രമാണ് ഇതുവരെ ഏറ്റെടുക്കാൻ സാധിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.