അംബാനിയുടെ മകന്റെ വിവാഹ ചടങ്ങിൽ പ്രിയങ്ക പങ്കെടുത്തിട്ടില്ല; വിശദീകരണവുമായി കോൺഗ്രസ്
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്ന് പാർട്ടി നേതാവ് സുപ്രിയ ശ്രീനാഥെ. ഇതുമായി ബന്ധപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ നടത്തുന്ന പ്രചാരണം വ്യാജമാണെന്നും സുപ്രിയ പറഞ്ഞു.
പ്രസ്താവനയിലൂടെ എംപി ലോക്സഭയെത്തന്നെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആനന്ദിന്റെ വിവാഹചടങ്ങിൽ പ്രിയങ്ക പങ്കെടുത്തില്ലെന്നു മാത്രമല്ല, ചടങ്ങുകൾ നടക്കുന്പോൾ അവർ രാജ്യത്തു പോലും ഉണ്ടായിരുന്നില്ല. അത് ബിജെപിയുടെ ആഭ്യന്തരമന്ത്രിക്കും അറിയാവുന്നതാണെന്ന് സുപ്രിയ വ്യക്തമാക്കി.
മുൻ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കി.