"കേരളത്തിന് എയിംസ് പരിഗണനയിൽ"; കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. എയിംസ് കേരളത്തിന് നൽകുമോ എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗം ജോണ് ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള കാര്യമാണ്. കേരളം അതിൽ ഒരു സംസ്ഥാനമാണ്. സമയാനുസൃതമായി ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്ന് നഡ്ഡ രാജ്യസഭയിൽ പറഞ്ഞു.
അതേസമയം, കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് എംപിമാർ എയിംസ് വിഷയം ഉന്നയിച്ച് ഇന്നലെയും പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു. കേരളത്തിന് എയിംസ് വേണം എന്ന മുദ്രാവാക്യം ഉന്നയിച്ചാണ് എംപിമാർ പ്രതിഷേധിച്ചത്.
തിങ്കളാഴ്ച ഇതേ വിഷയം ഉന്നയിച്ച് കേരള എംപിമാർ ലോക്സഭയിൽനിന്ന് വാക്ക് ഔട്ട് നടത്തിയിരുന്നു. എയിംസ് വിഷയം ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതിരുന്ന നഡ്ഡയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എംപിമാർ വാക്ക് ഔട്ട് നടത്തിയത്.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഒന്പതു വർഷം മുന്പത്തെ വാഗ്ദാനം പാലിക്കണമെന്നാണ് കേരള എംപിമാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. രാജ്യത്ത് ഇതിനോടകം 22 എയിംസ് അനുവദിച്ചതായി കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എയിംസിനായി കോഴിക്കോട്ട് സ്ഥലം കണ്ടെത്തി കേരളം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചെങ്കിലും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. വളരെകാലമായുള്ള കേരളത്തിന്റെ ആവശ്യത്തോട് വിവേചനപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ജോണ് ബ്രിട്ടാസ് എംപി ഇന്നലെ രാജ്യസഭയിൽ പറഞ്ഞു.