വയനാട്: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഘവൻ
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.കെ. രാഘവൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ വേദന മാറുന്നതിനു മുന്പ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരസ്പരം പഴിചാരലുകൾ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയതായി കേന്ദ്രസർക്കാരും മുന്നറിയിപ്പു ലഭിച്ചില്ലെന്നു സംസ്ഥാന സർക്കാരും അവകാശപ്പെടുന്നു.
പഴിചാരലുകൾ മാറ്റിവച്ച്, ജീവനും സ്വത്തും നഷ്ടമായവർക്ക് ദുരിതാശ്വാസവും മാന്യമായ പുനരധിവാസവും നൽകാനാകണം സർക്കാരുകളുടെ ശ്രദ്ധ. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയിൽ 48 ശതമാനം പശ്ചിമഘട്ടത്തോടനുബന്ധിച്ചാണ്.
അവിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മേഖലകളിലെ കാലാവസ്ഥാ വ്യതിയാനം കൃത്യമായി പ്രവചിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ രാഘവൻ ആവശ്യപ്പെട്ടു.
ദുരന്തബാധിതരുടെ പുനരധിവാസത്തിനു മതിയായ സഹായം കേന്ദ്ര സർക്കാർ ഉറപ്പു വരുത്തണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടു.