സ്ഥിതിഗതികൾ വിലയിരുത്തി സർവകക്ഷി യോഗം
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: ബംഗ്ലാദേശ് സേനയുമായി നിരന്തരം സന്പർക്കത്തിലാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി.
അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കലാപത്തിൽ വിദേശ ഇടപെടലുകൾ ഉണ്ടായോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നും ജയ്ശങ്കർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സാധ്യമായ സാന്പത്തിക- നയതന്ത്ര പ്രത്യാഘാതങ്ങൾ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികളും ജയ്ശങ്കർ സർവകക്ഷിയോഗത്തിൽ വിശദീകരിച്ചു.
ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഡൽഹിയിലുള്ള ഷേഖ് ഹസീനയ്ക്ക് ഭാവിനടപടികളെക്കുറിച്ച് തീരുമാനിക്കാൻ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.