കേരള സർക്കാരിന്റെ ഒത്താശയോടെയാണു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അനധികൃത മനുഷ്യവാസത്തിന് പ്രാദേശിക രാഷ്ട്രീയക്കാരുടെ നിയമവിരുദ്ധമായ സംരക്ഷണമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ അനധികൃത മനുഷ്യവാസവും അനധികൃത ഖനന പ്രവർത്തനവും നടന്നിട്ടുണ്ട്.
ഈ പ്രദേശത്തെ കൈയേറ്റത്തിന് അവർ അനുവദിച്ചു. വിനോദസഞ്ചാരത്തിന്റെ പേരു പറഞ്ഞ് ശരിയായ സോണുകളും വേർതിരിക്കുന്നില്ല. വളരെ സെൻസിറ്റീവായ പ്രദേശമാണിത്. മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്- പിടിഐ, എഎൻഐ എന്നീ വാർത്താ ഏജൻസികളോടു കേന്ദ്രമന്ത്രി പറഞ്ഞു.
വയനാട്ടിലെ രണ്ടു താലൂക്കുകളിലുള്ള 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കാനുള്ള ആറാമത്തെ കരട് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മാനന്തവാടി താലൂക്കിലെ പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളാർമല എന്നിവ ഉൾപ്പെടുന്നതാണ് 13 വില്ലേജുകൾ. എന്നാൽ ഉരുൾപൊട്ടൽ ഉണ്ടായ വൈത്തിരിയിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങൾ വർഷങ്ങളായി പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ടിട്ടില്ല.
കേരളത്തിലെ പതിനായിരത്തോളം ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ ഉൾപ്പെടെ പശ്ചിമഘട്ടത്തിലെ ആറു സംസ്ഥാനങ്ങളിലായി 56,800 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളാണ് പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കാൻ കരടു വിജ്ഞാപനത്തിൽ പറയുന്നത്.
ഇതു സംബന്ധിച്ച അഭിപ്രായങ്ങളും എതിർപ്പുകളും സെപ്റ്റംബർ 28നു മുന്പ് (60 ദിവസത്തിനകം) സമർപ്പിക്കണമെന്ന് ജൂലൈ 31ലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനം നിർദേശിച്ചിട്ടുണ്ട്.
ഗുജറാത്തിൽ 449, മഹാരാഷ്ട്രയിൽ 17,340, ഗോവയിൽ 1,461, കർണാടകയിൽ 20,668, തമിഴ്നാട്ടിൽ 6,914 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളും പരിസ്ഥിതി ദുർബലമായി പ്രഖ്യാപിക്കും.