ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
Tuesday, August 6, 2024 2:02 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു. ജയശങ്കറും അജിത് ഡോവലും പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ സന്ദർശിച്ച് ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു.
അതേസമയം, ബംഗ്ലാദേശ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തികളിൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ ഭടന്മാരെ നിയോഗിച്ചു.
ബംഗ്ലാദേശ് അതിർത്തിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതായി മേഘാലയ സർക്കാർ അറിയിച്ചു.
ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ അതീവ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറുടെ വക്താവ് പറഞ്ഞു.