വനംവകുപ്പ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി: മന്ത്രിയോടു രാജിവയ്ക്കാൻ തൃണമൂൽ നേതൃത്വം
Monday, August 5, 2024 1:44 AM IST
കോൽക്കത്ത: വനംവകുപ്പ് ഉദ്യോഗസ്ഥയെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ വിവാദത്തിലായ പശ്ചിമബംഗാൾ മന്ത്രി അഖിൽ ഗിരിയോടു രാജിസമർപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. വനിതാ ഓഫീസറോടു ക്ഷമ പറയാനും ജയിൽവകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ഒഴിയുമെന്നും എന്നാൽ ക്ഷമ പറയില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
തേജ്പുരിൽ ബീച്ചിനോടു ചേർന്നുള്ള വനംവകുപ്പിന്റെ സ്ഥലത്തെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച റേഞ്ചർ മനിഷ സാഹുവിനെയാണ് രാംനഗർ എംഎൽഎയായ അഖിൽ ഗിരിയും അനുയായികളും ഭീഷണിപ്പെടുത്തിയത്.
ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിപക്ഷമായ ബിജെപി രൂക്ഷമായ ആക്രമണമാണ് തൃണമൂൽ നേതൃത്വത്തിനെതിരേ നടത്തിയത്.