അഞ്ചു യുവാക്കൾ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടൽ: 20 ലക്ഷം രൂപ വീതം നല്കി കേസ് തീർക്കുന്നു
Monday, August 5, 2024 1:44 AM IST
ഗോഹട്ടി: ആസാമിൽ 30 വർഷം മുന്പ് വ്യാജ ഏറ്റുമുട്ടലിൽ അഞ്ചു യുവാക്കൾ കൊല്ലപ്പെട്ട കേസ് തീർപ്പാക്കുന്നു. കോടതിയുടെ നിർദേശപ്രകാരം, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്കിയാണു കേസ് തീർക്കുന്നത്. ഒരു മേജർ ജനറലും രണ്ടു കേണൽമാരും ഉൾപ്പെടെ ഏഴു സൈനികരാണ് ശിക്ഷയിൽനിന്നു രക്ഷപ്പെട്ടത്.
സൈനികകോടതി ഇവർ കുറ്റക്കാരാണെന്നു വിധിക്കുകയും പിന്നീട് കുറ്റവിമുക്തരാക്കുകയും ചെയ്തു. കേസ് അന്വേഷിച്ച സിബിഐയും സൈനികർ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മുഴുവൻ സൈനികരും വിരമിച്ചു.
1994 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം. ആസാമിലെ ടിൻസുകിയ മേഖലയിലെ ഒരു തേയിലത്തോട്ടം മാനേജർ നിരോധിത സംഘടനയായ ഉൾഫയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രബിൻ സോനോവാൾ, അഖിൽ സോനോവാൾ, ദേബജിത്ത് ബിശ്വാസ്, പ്രദീപ് ദത്ത, ഭൂപെൻ മൊറാൻ എന്നിവരെ തങ്ങളുടെ വീടുകളിൽനിന്നു 18-ാം പഞ്ചാബ് റെജിമെന്റിലെ സൈനികർ വിളിച്ചിറക്കിക്കൊണ്ടുപോയി.
എന്നാൽ, 1994 ഫെബ്രുവരി 23ന് അഞ്ചു യുവാക്കളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി മൃതദേഹങ്ങൾ സൈന്യം പോലീസിനു കൈമാറി. യുവാക്കളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്നു ചൂണ്ടിക്കാട്ടി ആസാമിലെ വിദ്യാർഥി നേതാവ് ജഗദീഷ് ഭുയാൻ ഗോഹട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ച്, യുവാക്കളുടെ നഖങ്ങളെല്ലാം പിഴുത നിലയിലായിരുന്നു.
കണ്ണുകളിൽ മർദനമേറ്റതായും കാൽമുട്ട് പൊട്ടിയതായും വ്യക്തമായി. ഇത്തരം മുറിവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. മരിച്ചവരുടെ ദേഹത്തുണ്ടായിരുന്ന മുറിവുകൾ ഏറ്റുമുട്ടലിൽ സംഭവിച്ചതാണെന്നത് അവിശ്വസനീയമാണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേസിൽ 2002ലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
അഞ്ചു യുവാക്കള ുടെ മരണത്തിനു സൈനികർ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനു പിന്നാലെ 2018ൽ സൈനിക കോടതി ഇവരെ കോർട്ട് മാർഷലിനു വിധേയരാക്കി. എന്നാൽ, 2019ൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൈന്യത്തിന്റെ സമിതിരംഗത്തെത്തി. പിന്നാലെ കൂടുതൽ തെളിവുകൾ ശേഖരിച്ചതിനുശേഷം, സൈനികർ ഏഴു പേരും കുറ്റക്കാരല്ലെന്നു സൈനിക കോടതി വിധിക്കുകയായിരുന്നു. ഇതോടെ യുവാക്കളുടെ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കണമെന്ന് 2023 മാർച്ച് മൂന്നിനു ഗോഹട്ടി ഹൈക്കോടതി വിധിച്ചു. 2024 ജൂലൈ 31ന് ഈ തുക ബന്ധുക്കൾക്കു ലഭിച്ചു.