ഹിമാചൽ മേഘവിസ്ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി
Monday, August 5, 2024 1:30 AM IST
ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നാൽപ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മാണ്ഡി ജില്ലയിൽനിന്ന് ഇന്നലെ രണ്ടു മൃതദേഹങ്ങൾകൂടി ലഭിച്ചതോടെയാണ് മരണ സംഖ്യ 13 ആയി ഉയർന്നത്. യുവതിയുടെയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹമാണു കണ്ടെടുത്തത്. പോലീസ് നായകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ തെരച്ചിൽ തുടരുകയാണ്.
സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, പോലീസ്, ഹോം ഗാർഡുകൾ തുടങ്ങി 410 രക്ഷാപ്രവർത്തകരാണു തെരച്ചിലിൽ പങ്കെടുക്കുന്നത്.
ദുരിതബാധിതർക്കു സംസ്ഥാന സർക്കാർ വെള്ളിയാഴ്ച 50,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പാചകവാതകം, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്ക് അടുത്ത മൂന്നു മാസത്തേക്കു പ്രതിമാസം 5,000 രൂപ നൽകുമെന്നും സർക്കാർ അറിയിച്ചു.