വയനാട് ദുരന്തത്തെ ബിജെപി വർഗീയവത്കരിക്കുന്നു: ഡി. രാജ
സ്വന്തം ലേഖകൻ
Monday, August 5, 2024 1:30 AM IST
ന്യൂഡൽഹി: വയനാട് ദുരന്തം ഗോഹത്യയുടെ അനന്തരഫലമാണെന്ന ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ദുരന്തബാധിതരെ സാധ്യമായ എല്ലാ രീതിയിലും എല്ലാവരും സഹായിക്കുകയാണെന്നും എന്നാൽ ദുരന്തത്തെ വർഗീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ പറഞ്ഞു.
രാഷ്ട്രീയപാർട്ടി എന്നനിലയിൽ ബിജെപി എന്ത് ഉത്തരവാദിത്വമാണ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും മരുന്നുകളും ആവശ്യമാണ്. രാഷ്ട്രീയവത്കരണമല്ല ഇവിടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പശുക്കളെ കൊല്ലുന്നതു തുടർന്നാൽ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ പറഞ്ഞിരുന്നു.