ദുരന്തം: ഗോഹത്യയാണു കാരണമെന്ന് ബിജെപി നേതാവ്
Sunday, August 4, 2024 1:35 AM IST
ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന ഗോഹത്യയാണ് വയനാട് ദുരന്തത്തിനു കാരണമെന്ന വിചിത്രവാദവുമായി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ. പശുക്കളെ കൊല്ലുന്നതു തുടർന്നാൽ മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് അഹൂജ പറഞ്ഞു.
പശുക്കളെ കടത്തുകയോ കൊല്ലുകയോ ചെയ്യുന്നവരെ കൊല്ലുമെന്നതിൽ സംശയം വേണ്ടെന്ന് 2017 ഡിസംബറിൽ വിവാദ പ്രസ്താവന നടത്തിയ ആളാണ് അഹൂജ. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആൽവാറിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു പരാമർശം.
പശുക്കടത്ത് നടത്തിയതിന് അഞ്ചുപേരെ കൊന്നിട്ടുണ്ടെന്ന് 2022 ഓഗസ്റ്റിൽ അഹൂജ പറയുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടായില്ല.
ഗോഹത്യ നടക്കുന്ന പ്രദേശങ്ങളിൽ ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടാകുന്ന രീതി 2018 മുതൽ നിരീക്ഷിക്കുന്നതാണെന്ന് ബിജെപി നേതാവ് ഇന്നലെ പത്രലേഖകരോടു പറഞ്ഞു. ഗോഹത്യയുടെ നേരിട്ടുള്ള അനന്തരഫലമാണ് വയനാട്ടിലെ ഉരുൾപൊട്ടലെന്ന് അഹൂജ അവകാശപ്പെട്ടു.
ഗോവധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ തുടരും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും വയനാട് ദുരന്തംപോലെ വലിയ ദുരന്തങ്ങളാകുന്നില്ലെന്ന വിചിത്ര ന്യായവും ഇയാൾ നിരത്തി.