വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു
Sunday, August 4, 2024 1:35 AM IST
ന്യൂഡൽഹി: വിഖ്യാത ഭരതനാട്യം നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നു ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും വേദികളിൽ വിസ്മയം തീർത്ത യാമിനി കൃഷ്ണമൂർത്തിയെ 2016 ല് രാജ്യം പദ്മവിഭൂഷണ് നല്കി ആദരിച്ചു.
ഭൗതികദേഹം ഇന്നു രാവിലെ ഒന്പതു മുതൽ ഡൽഹിയിലെ യാമിനി സ്കൂൾ ഓഫ് ഡാൻസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര തീയതി നിശ്ചയിച്ചിട്ടില്ല. ഡൽഹിയിൽ രണ്ടു സഹോദരിമാർക്കൊപ്പമാണു കഴിഞ്ഞിരുന്നത്. 1940 ഡിസംബർ 20നു ആന്ധ്രപ്രദേശിലെ ചിറ്റൂർ മദനപ്പള്ളിയിലാണ് ജനനം.
അഞ്ചാംവയസിൽ ചെന്നൈ കലാക്ഷേത്രയിൽ രുക്മിണി ദേവി അരുണ്ഡേലിന്റെ ശിഷ്യയായി ഭരതനാട്യത്തിൽ പരിശീലനം തുടങ്ങി. കുച്ചുപ്പുടിയിലും മികവുതെളിയിച്ച യാമിനി പങ്കജ് ചരൺ ദാസിന്റെയും കേളുചരൺ മഹാപത്രയുടെയും ശിക്ഷണത്തിൽ ഒഡിസിയും അഭ്യസിച്ചു. കർണാടക സംഗീതം, വീണ എന്നിവയും പരിശീലിച്ചിട്ടുണ്ട്.
1968 ൽ 28 ാം വയസിൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2001 ൽ പദ്മഭൂഷൺ ലഭിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.