ചക്രവ്യൂഹ് പ്രസംഗം: ഇഡി തന്നെ ലക്ഷ്യംവയ്ക്കുന്നതായി രാഹുൽ ഗാന്ധി
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: പാർലമെന്റിൽ നടത്തിയ ചക്രവ്യൂഹ് പ്രസംഗത്തിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരേ റെയ്ഡ് നടത്താൻ പദ്ധതിയിടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇരുകൈകളും നീട്ടി അവരെ കാത്തിരിക്കുകയാണെന്നും രാഹുൽ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചർച്ചയിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരേ കടുത്ത വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി രാജ്യത്തെ ചക്രവ്യൂഹത്തിനകത്ത് പെടുത്തിയിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം.
തന്റെ പ്രസംഗം ചിലർക്ക് ഇഷ്ടമായില്ല. അതിനാൽ തനിക്കെതിരേ റെയ്ഡ് നടത്താൻ ഇഡി പദ്ധതിയിട്ടിരിക്കുകയാണെന്ന മുന്നറിയിപ്പ് അവരോടൊപ്പമുള്ളവർതന്നെ നൽകിയിട്ടുണ്ട്. വിവരം അറിഞ്ഞതുമുതൽ അവരെ ചായയും ബിസ്കറ്റും നൽകി സ്വീകരിക്കാൻ തയാറായി ഇരിക്കുകയാണെന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.
അതേസമയം, കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ രാഷ്ട്രീയതാത്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് കോണ്ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.