രാഷ്ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശകസംഘത്തിൽ മന്ത്രി ജോർജ് കുര്യനും
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ആറു ദിവസത്തെ ഫിജി, ന്യൂസിലൻഡ്, തിമോർ-ലെസ്റ്റെ സന്ദർശനത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായുള്ള സന്ദർശനം തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും മേഖലാ ബന്ധങ്ങളിൽ പ്രധാനമാകുമെന്ന് വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) ജയ്ദീപ് മജൂംദാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
2016ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി ന്യൂസിലൻഡ് സന്ദർശിച്ച ശേഷമുള്ള ഇന്ത്യൻ രാഷ്ട്രപതിയുടെ ആദ്യസന്ദർശനമാണിത്.
2019ൽ യുഎൻ പൊതുസഭയ്ക്കെത്തിയപ്പോൾ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡെനുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ന്യൂസിലൻഡ്, ഫിജി, തിമോർ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. ഫിജിയിലും തിമോർ- ലെസ്റ്റിലും ആദ്യമായാണ് ഇന്ത്യൻ രാഷ്ട്രപതി സന്ദർശനം നടത്തുന്നത്.
ത്രിരാഷ്ട്ര സന്ദർശനത്തിനു തുടക്കംകുറിച്ച് രാഷ്ട്രപതിയും സംഘവും ഫിജിയിലേക്കാണു പോകുക. ഫിജിയിൽ ഇന്ത്യ 75 വർഷത്തെ നയതന്ത്ര സാന്നിധ്യം പൂർത്തിയാക്കിയതിന്റെ ഭാഗം കൂടിയാണ് ഉന്നതതല സന്ദർശനം.
ഫിജി പ്രസിഡന്റ് കറ്റോണിവെരെ, പ്രധാനമന്ത്രി സിതിവേനി റബുക്ക എന്നിവരുമായി ചർച്ച നടത്തുന്ന രാഷ്ട്രപതി ഫിജി പാർലമെന്റിലും പ്രസംഗിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലെ ന്യൂസിലൻഡ് സന്ദർശനത്തിനിടെ ഗവർണർ ജനറൽ സിൻഡി കിറോ, പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണ് എന്നിവരുമായി മുർമു കൂടിക്കാഴ്ച നടത്തും.
വെല്ലിംഗ്ടണിൽ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിലും ഓക്ലൻഡിൽ നടക്കുന്ന ഇന്ത്യൻ പ്രവാസി സമ്മേളനത്തിലും രാഷ്ട്രപതി പ്രസംഗിക്കും.