കേരള സർക്കാരിനെ പഴിച്ച് ഷാ
Thursday, August 1, 2024 2:03 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വയനാട് ദുരന്തസാധ്യതയെക്കുറിച്ച് ഏഴു ദിവസം മുന്പേ കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
രണ്ടു തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാതിരുന്നത് എന്തുകൊണ്ടാണെന്നും കേരളസർക്കാർ എന്തു ചെയ്തുവെന്നും ലോക്സഭയിലും രാജ്യസഭയിലും നടന്ന പ്രത്യേക ചർച്ചയ്ക്കു മറുപടിയായി അദ്ദേഹം ചോദിച്ചു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം നടപടിയെടുത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും സംസ്ഥാന സർക്കാരിനെ പഴിച്ചുകൊണ്ട് അമിത് ഷാ ഇരുസഭകളിലും പറഞ്ഞു.
ദുരന്തനിവാരണത്തിനായി പുതിയ നിയമനിർമാണം നടപ്പുസമ്മേളനത്തിൽ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരളത്തോടൊപ്പം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നൽകി. സാധ്യമായ എല്ലാ സഹായവും നൽകും.
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഒപ്പമുണ്ടാകും. കേന്ദ്ര, കേരള സർക്കാരുകളും രാഷ്ട്രീയപാർട്ടികളും വയനാട്ടിലെ ജനങ്ങളുടെ പിന്നിലുണ്ട്. ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സൈന്യവും ദുരന്തനിവാരണ സേനയും ഹെലികോപ്റ്ററുകളും അടക്കം എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകിവരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.
വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ലെന്നതടക്കം ബിജെപി എംപി തേജസ്വി സൂര്യ ദുരന്തത്തെക്കുറിച്ചു രാഷ്ട്രീയ ആരോപണം ഉന്നയിച്ചതിനെത്തുടർന്നുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭ 15 മിനിറ്റ് സ്തംഭിച്ചു.
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ലോകത്തിലെ ഏറ്റവും മികച്ചതും അത്യാധുനികവുമായ മുന്നറിയിപ്പ് സംവിധാനം (ഏർലി വാണിംഗ് സിസ്റ്റം) ഇന്ത്യക്കുണ്ട്. 23,000 കോടി രൂപ ചെലവിട്ട ഈ സംവിധാനം കൊണ്ട് ഒരാഴ്ച മുന്പേ മുന്നറിയിപ്പ് നൽകാനാകും.
ചുഴലിക്കാറ്റ്, സുനാമി, ഭൂമികുലുക്കം, പ്രളയം, ഉരുൾപൊട്ടൽ എന്നിവ മുതൽ കടുത്ത ചൂടും തണുപ്പും പ്രവചിക്കാനാകും. കേരളത്തിൽ മുന്പ് 10,000 പേരെ ചുഴലിക്കാറ്റ് ബാധിച്ചപ്പോൾ ഈയിടെ വെറും ഒരാളുടെ മരണമായി ചുരുക്കാനായി.
ഗുജറാത്തിൽ ഒരു മരണം പോലുമുണ്ടായില്ല. ദുരന്തം ഉണ്ടായശേഷം ദുരിതാശ്വാസവും പുനരധിവാസവും നൽകിയിരുന്ന രീതി മാറ്റിയത് മോദി സർക്കാരാണെന്നും ആദ്യം രാജ്യസഭയിലും പിന്നീട് ലോക്സഭയിലും അമിത് ഷാ പറഞ്ഞു.
രണ്ടാഴ്ചത്തേക്കുള്ള മുന്നറിയിപ്പ് എല്ലാ വ്യാഴാഴ്ചയുമാണു നൽകുന്നത്. സംസ്ഥാന സർക്കാരുകൾക്കും ജനങ്ങൾക്കും ഇതു പങ്കുവയ്ക്കും. ഇതനുസരിച്ച് ജൂലൈ 23നും 25നും ദുരന്ത മേഖലയിൽ കനത്ത മഴ പ്രവചിച്ചിരുന്നു.
200 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) ഒന്പതു സംഘങ്ങളെ അവിടേക്ക് അയയ്ക്കുകയും ചെയ്തു. 30ന് പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
പ്രദേശത്തെ 4,000 കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ഡൽഹി ഐഐടിയും നേരത്തേ വിവരം പങ്കുവച്ചിരുന്നു. പക്ഷേ ജനങ്ങളെ മാറ്റിയില്ല. മുന്നറിയിപ്പ് തെറ്റായാൽപ്പോലും ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ഷാ അഭിപ്രായപ്പെട്ടു.
വയനാട് ഉരുൾപൊട്ടൽ ദുരന്തം അടക്കമുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ചട്ടം 197 അനുസരിച്ച് ലോക്സഭയിൽ കെ.സി. വേണുഗോപാലും രാജ്യസഭയിൽ ബിജെപി എംപി അരുണ് സിംഗുമാണ് ചർച്ച തുടങ്ങിയത്.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എൻ.കെ. പ്രേമചന്ദ്രൻ, കെ. ഫ്രാൻസിസ് ജോർജ്, കെ. രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ, തേജസ്വി സൂര്യ എന്നിവരും രാജ്യസഭയിൽ ജോണ് ബ്രിട്ടാസ്, ജെബി മേത്തർ, എ.എ. റഹീം, ഡോ. വി. ശിവദാസൻ, ഹാരീസ് ബീരാൻ, തിരുച്ചി ശിവ, തന്പിദുരൈ, രാഘവ് ഛദ്ദ, മനോജ് ഝാ, സാകേത് ഗോഖലെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.