കരയിൽ ലോറിയില്ല; ഇന്നു പുഴയിൽ തെരച്ചിൽ
Tuesday, July 23, 2024 2:17 AM IST
കാർവാർ (കർണാടക): ഷിരൂർ ദേശീയപാതയിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായുള്ള തെരച്ചിൽ ഏഴാം ദിവസവും വിഫലം.
സൈന്യത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന മെറ്റൽ ഡിറ്റക്ടറുകൾ എത്തിച്ചപ്പോൾ മൂന്നിടങ്ങളിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും അവിടെയൊന്നും ലോറി കണ്ടെത്താനായില്ല. ഇന്നു വീണ്ടും ഗംഗാവലി പുഴയിൽതന്നെ തെരച്ചിൽ നടത്താനാണു തീരുമാനം.
കരയിലെ തെരച്ചിൽ ഞായറാഴ്ചതന്നെ നിർത്തിവയ്ക്കാൻ കർണാടക അധികൃതർ നിർദേശിച്ചിരുന്നെങ്കിലും അർജുന്റെ കുടുംബാംഗങ്ങളുടെയും കേരളത്തിൽനിന്നെത്തിയ സന്നദ്ധപ്രവർത്തകരുടെയും അഭ്യർഥന മാനിച്ചാണു സൈന്യം ഒരു ദിവസംകൂടി തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. കേരളത്തിൽനിന്നെത്തിയവർ കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം മണ്ണു നീക്കി പരിശോധന നടത്തിയെങ്കിലും ലോറിയുടെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. പാറകൾക്കുള്ളിലെ ഇരുമ്പിന്റെ സാന്നിധ്യം മൂലമാകാം മെറ്റൽ ഡിറ്റക്ടറിൽ സിഗ്നലുകൾ ലഭിച്ചതെന്നാണു നിഗമനം.
മലയിടിച്ചില്‍ സംഭവിച്ച ചൊവ്വാഴ്ച പുലര്‍ച്ചെ അര്‍ജുന്റെ ലോറി മലയോടു ചേര്‍ന്ന വശത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടിരുന്നതായി കോഴിക്കോട്ടുനിന്നുള്ള സഹപ്രവർത്തകൻ പറഞ്ഞിരുന്നു.
അർജുന്റെ ലോറി ദുരന്തമേഖല കടന്നുപോയിട്ടില്ലെന്ന് അന്നത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിട്ടുണ്ട്. എന്നാൽ, മലയിടിച്ചിലിനു ശേഷം സ്ഥലത്തെ ഭൂപ്രകൃതി പാടേ മാറിപ്പോയതിനാൽ കൃത്യമായ സ്ഥാനം നിർണയിക്കാനാകുന്നില്ലെന്നതാണു പ്രശ്നം.
ഇടയ്ക്ക് കേരളത്തിൽനിന്നെത്തിയ രക്ഷാപ്രവർത്തകരോട് മണ്ണിടിച്ചിൽ മേഖലയിൽനിന്നു തിരിച്ചുപോകാൻ കർണാടക അധികൃതർ ആവശ്യപ്പെട്ടതു നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. അപകടസാധ്യത കണക്കിലെടുത്ത് ഒരുസമയത്ത് 25 പേരിൽ കൂടുതൽ അനുവദിക്കില്ലെന്നാണു തീരുമാനം.
തമിഴ്നാട് സ്വദേശിയായ ശരവണന് എന്നയാളുടെ ലോറിയും ഇതേ സ്ഥലത്തുവച്ച് കാണാതായതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. കര്‍ണാടകയില്‍നിന്നുള്ള ദമ്പതികള്‍ സഞ്ചരിച്ച കാറും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി ഇന്നലെയും സംഭവസ്ഥലത്ത് കനത്ത മഴ പെയ്തിരുന്നു.
ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: അർജുനായുള്ള തെരച്ചിലിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപീംകോടതി. കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉത്തമമെന്ന് കോടതി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയത്.
വിഷയം ഉടൻ പരിഗണിക്കണമെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സുപ്രീംകോടതി നിർദേശം നൽകി.