ബിഹാറിനു പ്രത്യേക പദവി ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രം
Tuesday, July 23, 2024 1:36 AM IST
ന്യൂഡൽഹി: ബിഹാറിനു പ്രത്യേക പദവി നല്‍കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിനു പ്രത്യേക പദവി വേണമെന്ന് ജെഡി-യു നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതോടെ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി.
മുൻകാലങ്ങളിൽ ചില പ്രത്യേക ഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ(എൻഡിസി) പ്രത്യേക പദവി അനുവദിച്ചിരുന്നു. എന്നാൽ, ബിഹാറിന് ഈ ഘടകങ്ങൾ ബാധകമല്ലെന്ന് മന്ത്രി പങ്കജ് ചൗധരി, ജെഡി-യു അംഗം രാംപ്രീത് മണ്ഡലിനെ അറിയിച്ചു.
കുന്നുകൾ നിറഞ്ഞതും ദുർഘടമായതുമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത, ജനസംഖ്യയിൽ വലിയ ശതമാനം ഗോത്രവിഭാഗം, അയൽരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ, സാന്പത്തിക പിന്നാക്കാവസ്ഥ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് പ്രത്യേക പദവിക്ക് പരിഗണിക്കുകയെന്ന് മന്ത്രി ചൗധരി പറഞ്ഞു. പ്രത്യേക പദവി വേണമെന്ന് ഒഡീഷയും ആന്ധ്രപ്രദേശും ആവശ്യപ്പെടുന്നു.