ഡൽഹിയിൽ ബസ് മെട്രോ തൂണിലിടിച്ച് യുവതി മരിച്ചു; 24 പേർക്ക് പരിക്ക്
Tuesday, July 23, 2024 1:36 AM IST
ന്യൂഡൽഹി: ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് മെട്രോയുടെ തൂണിൽ ഇടിച്ചുകയറി യാത്രക്കാരിയായ യുവതി മരിച്ചു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 24 പേർക്കു പരിക്കേറ്റു. പശ്ചിമ ഡൽഹിയിലെ ശിവാജി പാർക്ക് മെട്രോ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ 7.42നായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രി ഐസിയുവിലുള്ള അന്പത്തിയഞ്ചുകാരന്റെ നില ഗുരുതരമാണ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കും ബസ് ഡ്രൈവർക്കെതിരേ ഭാരതീയ ന്യായ സൻഹിക പ്രകാരം പോലീസ് കേസെടുത്തു.
വരി തെറ്റിച്ചാണ് പലപ്പോഴും ബസ് ഓടിയിരുന്നതെന്ന് യാത്രക്കാർ മൊഴി നല്കി.
അതേസമയം, ബസിനു മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ പെട്ടെന്ന് വലതുവശത്തേക്കു തിരിഞ്ഞതാണ് അപകട കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.