തുടർച്ചയായ ഏഴാം ബജറ്റുമായി നിർമല
സ്വന്തം ലേഖകൻ
Monday, July 22, 2024 3:31 AM IST
ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതോടെ ഏഴ് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കാൻ നിർമല സീതാരാമൻ. ആറ് തവണ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റിക്കാർഡാണ് നാളെ നിർമല സീതാരാമൻ മറികടക്കുന്നത്.
1959 മുതൽ 1964 വരെ കേന്ദ്ര ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി അഞ്ച് സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് അവതരിപ്പിച്ചിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2024 ഫെബ്രുവരി ഒന്നിന് നിർമല അവതരിപ്പിച്ചത് ഇടക്കാല ബജറ്റായിരുന്നു.
കഴിഞ്ഞ ഏതാനും തവണ അവതരിപ്പിച്ചതുപോലെ ഇത്തവണയും പേപ്പർ രഹിത ബജറ്റായിരിക്കും ധനമന്ത്രി നാളെ അവതരിപ്പിക്കുക. ബജറ്റ് വിവരങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകാൻ യൂണിയൻ ബജറ്റ് എന്ന മൊബൈൽ ആപ്ലി ക്കേഷനും ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ബജറ്റ് തയാറാക്കലിന്റെ ഭാഗമായി ട്രേഡ് യൂണിയനുകൾ, ആരോഗ്യ വിദ്യാഭ്യാസ മേഖല, വ്യാപാരം, കാർഷിക സാന്പത്തിക മേഖല, ചെറുകിട വ്യവസായങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വിദഗ്ധരുമായി നിർമല കൂടിക്കാഴ്ച നടത്തിയിരുന്നു. മൂലധനച്ചെലവ് വർധിപ്പിക്കുക, ധനക്കമ്മി കുറയ്ക്കുക തുടങ്ങി നിരവധി വിഷയങ്ങൾ സാന്പത്തിക വിദഗ്ധർ ചർച്ച ചെയ്തു. കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കണമെന്ന് കർഷകസംഘടനകൾ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നാരംഭിക്കുന്ന പാർലമെന്റിന്റെ മണ്സൂണ് സമ്മേളനത്തിൽ റബർ, കാപ്പി ബില്ലുകൾ ഉൾപ്പെടെ ആറ് ബില്ലുകളിൽ ഭേദഗതി വരുത്താൻ സാധ്യതയുണ്ട്. 1934ലെ എയർക്രാഫ്റ്റ് നിയമത്തിനു പകരം ഭാരതീയ വായുയാൻ വിധേയക് 2024 അടക്കമുള്ള ആറ് ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഓഗസ്റ്റ് 12ന് സമ്മേളനം അവസാനിക്കും.