സുരക്ഷാസേനയ്ക്ക് രഹസ്യം ചോർത്തി; മണിപ്പുരിൽ തീവ്രവാദികളുടെ അരുംകൊല
Monday, July 22, 2024 3:31 AM IST
ഇംഫാൽ: സുരക്ഷാസേനയ്ക്കു രഹസ്യം ചോർത്തി നൽകിയെന്നാരോപിച്ച് മണിപ്പുരിൽ തീവ്രവാദികളുടെ അരുംകൊല. കണ്ണുകൾ മറച്ച്, കൈകൾ രണ്ടും പുറകിൽ ബന്ധിച്ചശേഷം ആർ.കെ. പ്രഥിബി സിംഗ് എന്നയാളെ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. ഇംഫാൽ ഈസ്റ്റിലെ ലാംലിയാനു സമീപം തെക്ചാമിൽ ശനിയാഴ്ചയായിരുന്നു സംഭവം.
നിരോധിത സംഘടനയായ കെസിപി (പ്രോഗ്രസീവ്) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സുരക്ഷാസേനയ്ക്കു രഹസ്യങ്ങൾ ചോർത്തി നൽകിയതാണു കൊലപാതകത്തിനു കാരണമെന്ന് കെസിപി നേതൃത്വം ന്യായീകരിച്ചു.
തീവ്രവാദസംഘടനയുടെ ഭാഗമായിരുന്ന സിംഗ് കീഴടങ്ങിയശേഷം സുരക്ഷാസേനയ്ക്കു രഹസ്യവിവരങ്ങൾ കൈമാറിവരികയായിരുന്നു. മുന്പ് തീവ്രവാദസംഘടനകളിൽ പ്രവർത്തിച്ചവരെ ഒപ്പം കൂട്ടിയിരുന്നതായും കെസിപി ആരോപിച്ചു.നിങ്തൗജം ആഷാകുമാർ മീതി എന്ന തീവ്രവാദിയുടെ നേതൃത്വത്തിലാണു കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. അതിനിടെ കക്ചിംഗ് ജില്ലയിൽനിന്ന് കെസിപി (തായ്ബംഗൻബ) വിഭാഗം തീവ്രവാദി തേജ്പുർ മഖാ ലെയ്കിയെ പോലീസ് സംഘം പിടികൂടി.