ട്രിച്ചി ഗാംഗിലെ നാലുപേർ പിടിയിൽ
Saturday, July 20, 2024 2:12 AM IST
ഭുവനേശ്വർ: ഒഡീഷയിൽ അന്തർ സംസ്ഥാന മോഷണ സംഘത്തിലെ നാലുപേർ പിടിയിൽ. ട്രിച്ചി ഗാംഗ് എന്നറിയപ്പെടുന്ന സംഘാംഗങ്ങളാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു.
തമിഴ്നാട്ടിലെ തിരുച്ചിലപ്പള്ളി ജില്ലയിൽനിന്നുള്ള ബി. മോഹിത് (48), ടി. മൂർത്തി (42), നന്ദകുമാർ (47), എസ്. ദിനേഷ് (47) എന്നിവരാണ് പിടിയിലായത്. കാറിന്റെ ചില്ലുകൾ തകർത്ത് വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിക്കുക, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ട്രിച്ചി സംഘം നടത്തുന്നത്.
സഹീദ്നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണു നാലു പ്രതികളെയും പോലീസ് പിടികൂടിയത്.
നാലു ലാപ്ടോപ്പുകൾ, 25 മൊബൈൽ ഫോണുകൾ, മോഷണത്തിനുപയോഗിക്കുന്ന വസ്തുക്കൾ എന്നിവ പോലീസ് ഇവരിൽനിന്നു കണ്ടെടുത്തു.