യുപിയിൽ ട്രെയിൻ പാളം തെറ്റി; മൂന്നു മരണം
Friday, July 19, 2024 1:41 AM IST
ഗോണ്ഡ: യുപിയിലെ ഗോണ്ഡയ്ക്കു സമീപം ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസിന്റെ എട്ടു കോച്ചുകൾ പാളം തെറ്റി. മൂന്നു യാത്രക്കാർ മരിച്ചു. 35 പേർക്കു പരിക്കേറ്റു. മോത്തിഗഞ്ച്, ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ ഇന്നലെ 2.35നായിരുന്നു അപകടം.
ട്രെയിൻ പാളം തെറ്റുന്നതിനു മുന്പ് ലോക്കോ പൈലറ്റ് സ്ഫോടകശബ്ദം കേട്ടിരുന്നതായി അധികൃതർ അറിയിച്ചു. എസ്ഡിആർഎഫും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ, മോശം കാലാവസ്ഥ രക്ഷാപ്രവർത്തനം വൈകിച്ചു. 30 പേർക്കു ചെറിയ പരിക്കാണുള്ളത്. മൂന്നു പേരെ ജില്ലാ ആശുപത്രിയിലും രണ്ടു പേരെ ലക്നോവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റെയിൽവേയുടെ ടെക്നിക്കൽ ടീം അപകടകാരണം അന്വേഷിക്കും. മരിച്ചയാളുടെ കുടുംബത്തിന് റെയിൽവേ പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.