ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ടു സൈനികർക്കു പരിക്കേറ്റു
Friday, July 19, 2024 1:41 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു കരസേനാ ജവാന്മാർക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് ജഡ്ഡാൻ ബട്ട ഗ്രാമത്തിലായിരുന്നു ആക്രമണം. ഒരു സർക്കാർ സ്കൂളിൽ താത്കാലികമായി സജ്ജമാക്കിയ സൈനിക ക്യാന്പിനു നേർക്കായിരുന്നു ഭീകരർ ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ഹെലികോപ്റ്ററിൽ ഉധംപുരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി. കനത്ത മഴയും മോശം കാലാവസ്ഥയും സൈന്യത്തിനു വെല്ലുവിളിയാണ്.
ദോഡയിലെ ദേസ വനമേഖലയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാലു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരവേട്ടയ്ക്കായി വൻ സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച സൈനികരെ കൊലപ്പെടുത്തിയതും ഇന്നലെ സൈനിക ക്യാന്പിനു നേരേ ആക്രമണം നടത്തിയതും ഒരേ ഭീകരസംഘംതന്നെയാണെന്ന നിഗമനത്തിലാണു സൈന്യം.
ദോഡയിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ മൃതദേഹം ഇന്നലെ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ ലെബോംഗിലെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു നടക്കും.
ക്യാപ്റ്റൻ ഥാപ്പയുടെ ഭൗതികദേഹം വഹിച്ചുള്ള ആംബുലൻസ് കടന്നുപോയ വഴികളുടെ ഇരുവശത്തും "ബ്രിജേഷ് ഥാപ്പ അമർ രഹേ' വിളികളുമായി ആയിരങ്ങളാണ് കാത്തുനിന്നത്. അഞ്ചു വർഷംമുന്പാണ് ബ്രിജേഷ് ഥാപ്പ(27) സൈന്യത്തിൽ ചേർന്നത്. ഇദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും കരസേനയിൽ ഓഫീസർമാരായിരുന്നു.