ഷിരൂർ ദുരന്തം: ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തു; മലയാളി ഡ്രൈവറെ കണ്ടെത്താനായില്ല
Friday, July 19, 2024 1:41 AM IST
കാർവാർ: ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിൽ ദേശീയപാതയിലേക്ക് മലയിടിഞ്ഞുവീണതിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
അപകടത്തിൽപ്പെട്ടതായി സംശയിക്കുന്ന കോഴിക്കോട് മുക്കം സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.
കർണാടകയിൽനിന്നു തടി കയറ്റി കോഴിക്കോട്ടേക്കു വരികയായിരുന്ന ലോറിയിൽ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തിനു സമീപമാണു ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനമായി കാണിച്ചിരിക്കുന്നത്.
കനത്ത മഴയ്ക്കിടെ മലയുടെ ഒരു ഭാഗം അടർന്ന് ദേശീയപാതയിലേക്ക് പതിക്കുകയും തുടർന്ന് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് ഗംഗാവതി നദിയിലേക്കു വീഴുകയുമായിരുന്നു.
പാതയോരത്തുണ്ടായിരുന്ന ഒരു വീടും കാന്റീനുമടങ്ങുന്ന കെട്ടിടവും അതിനു മുന്നിൽ നിർത്തിയിരുന്ന ഗ്യാസ് ടാങ്കർ ലോറിയും നദിയിലേക്ക് പതിച്ചിരുന്നു. ഈ വീട്ടിലുണ്ടായിരുന്ന ലക്ഷ്മൺ നായിക്, ഭാര്യ ശാന്തി, മക്കളായ റോഷൻ, അവന്തിക, ഗ്യാസ് ടാങ്കറിന്റെ ഡ്രൈവർമാരായിരുന്ന തമിഴ്നാട് സ്വദേശികളായ ചിന്ന, മുരുഗൻ എന്നിവരുടെയും ജഗന്നാഥ് എന്നയാളിന്റെയും മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ പലതും സംഭവസ്ഥലത്തുനിന്ന് നാല്പതോളം കിലോമീറ്റർ അകലെ വരെ ഒഴുകിപ്പോയിരുന്നു.