ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുലും ഖാർഗെയും
Friday, July 19, 2024 1:41 AM IST
ന്യൂഡൽഹി: ഒന്നാം ചരമവാർഷികദിനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. കേരളചരിത്രത്തിൽ മായാത്ത ഭാഗമാണ് ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരളത്തിലെ ജനങ്ങൾക്കായി ഉഴിഞ്ഞുവച്ചതായിരുന്നു. അവർക്കുവേണ്ടി പ്രവർത്തിച്ച ഒരു ജനനേതാവായിരുന്നു അദ്ദേഹം. ഏറ്റെടുത്ത എല്ലാ പദവികളിലും ജനപ്രതിനിധിയുടെ സത്ത ഉൾക്കൊണ്ടാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും രാഹുൽ പറഞ്ഞു. ദീർഘവീക്ഷണവും അർപ്പണമനോഭാവവുമുള്ള അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും രാഹുൽ കുറിച്ചു.
കേരളത്തിന്റെ വികസനത്തിലും രാജ്യത്തിന്റെ രാഷ്ട്രീയത്തിലും വ്യക്തമായ പാരന്പര്യം അവശേഷിപ്പിച്ച ശക്തനായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ നിസ്വാർഥ സേവനം എക്കാലവും സ്മരിക്കപ്പെടുമെന്നും എക്കാലവും അദ്ദേഹത്തെ അനുസ്മരിക്കുമെന്നും ഖാർഗെ പറഞ്ഞു.