ചിലർക്ക് അമാനുഷികനും ഭഗവാനുമാകാൻ ആഗ്രഹം: മോഹൻ ഭാഗവത്
Friday, July 19, 2024 1:41 AM IST
റാഞ്ചി: ചിലർക്ക് അമാനുഷികനും ഭഗവാനുമാകാനാണ് ആഗ്രഹമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജാർഖണ്ഡിലെ ഗുംലയിൽ സന്നദ്ധസംഘടനയായ വികാസ് ഭാരതിയുടെ പ്രവർത്തകസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് താനൊരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധി പേർ അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
മനുഷ്യനായിട്ടും ചില ആളുകൾക്ക് മാനുഷിക ഗുണങ്ങളൊന്നുമില്ല. അവർ ആദ്യം അതു വളർത്തിയെടുക്കണം. ചില ആളുകൾ സൂപ്പർമാൻ ആകണമെന്ന് ആഗ്രഹിക്കുന്നു. പിന്നെ ദേവതയാകണമെന്നും ഭഗവാനാകണമെന്നും തോന്നും. ഭഗവാനായി കഴിഞ്ഞാൽ പിന്നെ അവർക്ക് വിശ്വരൂപം ആകാനാണ് ആഗ്രഹം.
അതിനു മുകളിൽ എന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല-മോഹൻ ഭാഗവത് പറഞ്ഞു. അതേസമയം, ആർഎസ്എസ് മേധാവിയുടെ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ളതാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് ചൂണ്ടിക്കാട്ടി. താൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്ന മോദിയുടെ പ്രതികരണത്തിനുള്ള ഒളിയന്പാണിതെന്നും ജയ്റാം രമേഷ് പറഞ്ഞു.